Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഐവര്‍കളിയുടെ സ്‌മരണകളുമായി ഇവിടെ ചിലര്‍...

ഐവര്‍കളിയുടെ സ്‌മരണകളുമായി ഇവിടെ ചിലര്‍.
പൊന്‍കുന്നം: `കളിത്തട്ടുകള്‍ ഒഴിഞ്ഞു, തട്ടില്‍ നിരന്നാടിയ കലാകാരന്മാരില്‍ ഭൂരിഭാഗവും ജീവിതത്തിന്‍െറ അരങ്ങില്‍നിന്നുതന്നെ ഒഴിഞ്ഞു. ഭദ്രകാളി പ്രീതിക്കായി ക്ഷേത്രങ്ങളില്‍ അരങ്ങേറിയിരുന്ന ഐവര്‍കളിയെ നാട്ടാരും മറന്നു. പക്ഷേ, മനസ്സിലെ കളിത്തട്ടില്‍ ഈ അനുഷ്‌ഠാനകലയുടെ ഓര്‍മ്മകളുമായി ഞങ്ങള്‍ ഇവിടെ ഇങ്ങനെ ചിലരൊക്കെ ബാക്കിയുണ്ട്‌.'
??നെഞ്ചില്‍ കൈചേര്‍ത്ത്‌ ഈ കലാകാരന്മാര്‍ പറയുമ്പോള്‍ കാലം ഈ കലയെ മറന്നതിന്‍െറ വേദന കണ്ണുകളില്‍നിന്നു വായിക്കാം; നാല്‌പതാണ്ടുകള്‍ക്കുമുമ്പേ ഐവര്‍കളി അമ്പലമുറ്റത്തുനിന്ന്‌ വിട ചൊല്ലിയെങ്കിലും കാലത്തിന്‍െറ പാച്ചിലിന്‌ ഓര്‍മ്മകളെ ബന്ധിക്കാനാവില്ലെന്നതിന്‍െറ സാക്ഷ്യമായി.
??എലിക്കുളം ഭഗവതിക്ഷേത്രമുറ്റത്തെ കളിത്തട്ടില്‍ പടഞ്ഞിരുന്ന്‌ ഇവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ ഐവര്‍കളിക്കായി യുവത്വമേകിയവര്‍ ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്‍െറ അവശതകള്‍മറന്ന്‌ വാചാലരായി. ഉരുളികുന്നം വാഴപ്പള്ളി ഭാസ്‌കരന്‍ നായര്‍, വില്ലാനിക്കല്‍ ഭാസ്‌കരന്‍ നായര്‍, പുതിയാത്ത്‌ ദാമോദരന്‍ നായര്‍, പടിഞ്ഞാറേല്‍ ശിവരാമന്‍ നായര്‍, പറപ്പള്ളില്‍ രാഘവന്‍ നായര്‍, പേണ്ടാനത്ത്‌ ശിവരാമന്‍ നായര്‍ എന്നീ കലാകാരന്മാര്‍ ഇവര്‍ക്ക്‌ കഥചൊല്ലി ഗുരുക്കന്മാരായവരെയും മുന്‍ഗാമികളെയും ഒപ്പം തട്ടില്‍നിന്ന്‌ ചുവടുവെച്ച്‌ ഓര്‍മ്മയായവരെയും കുറിച്ച്‌ മറക്കാത്ത അനുഭവങ്ങള്‍, സമര്‍പ്പണങ്ങള്‍ ഒക്കെ ഒന്നും വിട്ടുകളയാതെ ഓര്‍ത്തെടുത്തപ്പോള്‍ ചുളിവുകള്‍ വീണ മുഖത്ത്‌ വിരിഞ്ഞ പ്രസാദം പരസ്‌പരം ആസ്വദിച്ചു.
??എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധര്‍വ്വസ്വാമി ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലെ കളിത്തട്ടുകളില്‍ ഐവര്‍കളിയാടിയവരാണിവര്‍. `ദേവിക്ഷേത്രങ്ങളില്‍ ഒരുകാലത്ത്‌ ഒഴിച്ചുകൂടാനാവാത്ത അനുഷ്‌ഠാനമായിരുന്നു' ഇതെന്ന്‌ വാഴപ്പള്ളില്‍ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. പഞ്ചപാണ്ഡവന്മാരുടെ കഥയുമായി ബന്ധപ്പെട്ട്‌ രൂപംകൊണ്ടതിനാലാണ്‌ `ഐവര്‍കളി'യെന്ന പേര്‌. അഞ്ചുപേരാണ്‌ കളിത്തട്ടില്‍ നൃത്തമാടുന്നത്‌. മറ്റുള്ളവര്‍ പാട്ടും പക്കമേളവുമൊരുക്കും. 28 കഴുക്കോലുകള്‍ നിരത്തി ഓടുപാകിയ തട്ടില്‍ കഴുക്കോല്‍ ഉറപ്പിച്ചിരിക്കുന്ന മകുടത്തില്‍ തൂക്കിയ അഞ്ചുതിരിയിട്ട തൂക്കുവിളക്കിനുചുറ്റുമാണ്‌ കളിക്കാര്‍ ആടുന്നത്‌. മദ്ദളം, മകുടം, കൈമണി എന്നിവയാണ്‌ വാദ്യം.
??പുലര്‍ച്ചെ അഞ്ചിന്‌ തട്ടിലേറിയാല്‍ എട്ടുമണിക്കൂര്‍ നീളുന്ന ചൊല്ലിയാട്ടമാണ്‌. മെയ്‌വഴക്കത്തിനും ഇത്രനേരം ചുവടുവയ്‌ക്കുന്നതിനും കഠിന പരിശീലനംതന്നെയാണ്‌ ആശാന്മാര്‍ നല്‍കുന്നതെന്ന്‌ കളിക്കാര്‍ ഓര്‍ക്കുന്നു.
??പാണ്ഡവര്‍ വനവാസകാലത്ത്‌ വഴിയറിയാതെ ഉഴറിയപ്പോള്‍ നേര്‍വഴികാട്ടാനായി ഭദ്രകാളിയെ സ്‌തുതിച്ച്‌ നൃത്തമാടി എന്ന്‌ ഐതിഹ്യമുണ്ട്‌. സംപ്രീതയായ ദേവി പ്രത്യക്ഷപ്പെട്ട്‌ അനുഗ്രഹമേകി. ഈ വിശ്വാസത്തിലധിഷ്‌ഠിതമായി ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും ഭദ്രകാളി പ്രീതിക്കുമാണ്‌ `ഐവര്‍കളി' എന്ന അനുഷ്‌ഠാനകല രൂപംകൊണ്ടത്‌. പാരമ്പര്യമായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീര്‍ത്തനങ്ങളും ഗുരുക്കന്മാര്‍ പകര്‍ന്നുതന്ന ചുവടുകളും കൈമുദ്രകളും അഭ്യസിച്ചാണ്‌ കളിക്കാര്‍ തട്ടിലേറുന്നത്‌.
??തറ്റുടുത്ത്‌ അരയില്‍ `മുന്തി' എന്ന അലങ്കാരവസ്‌ത്രം ചാര്‍ത്തി, `തെഴുതാര' എന്ന വെള്ളിനൂലിഴ പാകിയ തലപ്പാവും ധരിച്ചാണ്‌ അഞ്ചുപേര്‍ നൃത്തമാടേണ്ടത്‌. ഇവര്‍ക്ക്‌ വ്രതവും നിര്‍ബന്ധം.
??എലിക്കുളം ഗ്രാമത്തില്‍ നിരവധി കലാകാരന്മാര്‍ ഈ രംഗത്തുണ്ടായിരുന്നു. കണ്ണമുണ്ട ഗോപാലക്കൈമള്‍, പുത്തന്‍വീട്ടില്‍ ശങ്കരക്കൈമള്‍, കല്ലൂത്താഴെ ഗോപാലന്‍ നായര്‍, കുഴിയണ്ണിക്കല്‍ മാധവന്‍ നായര്‍, മുളകുന്നത്ത്‌ നാരായണന്‍ നായര്‍, കണയംപുറത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍, കുഴിയണ്ണിക്കല്‍ ശങ്കരന്‍ നായര്‍, ആളുറുമ്പില്‍ രാമന്‍ പിള്ള, ചങ്ങംപ്ലാക്കല്‍ കൃഷ്‌ണന്‍ നായര്‍, കിഴക്കേത്ത്‌ കുട്ടപ്പന്‍ നായര്‍, ഉരുളികുന്നം വാഴപ്പള്ളില്‍ നാരായണന്‍ നായര്‍, വയലില്‍ കൃഷ്‌ണന്‍ നായര്‍, വടക്കേട്ട്‌ പ്രഭാകരന്‍ നായര്‍, പള്ളത്ത്‌ ഗോപാലന്‍ നായര്‍ എന്നിങ്ങനെ ഓര്‍മ്മയായി മാറിയ അഗ്രഗാമികളുടെ പേരുകള്‍ ഓരോന്നും അവരോടുള്ള കടപ്പാടെന്നപോലെ ആറുപേരും ചേര്‍ന്ന്‌ ഓര്‍മ്മിച്ചെടുത്തപ്പോള്‍ പരസ്‌പരം അഭിനന്ദനം ചൊരിഞ്ഞു. ??`ഞങ്ങള്‍ ആറുപേരെക്കൂടാതെ ഒപ്പം കളിക്കിറങ്ങിയിരുന്ന മൂന്നുപേര്‍കൂടി ഇപ്പോഴുമുണ്ട്‌'. മുല്ലൂര്‍ കരുണാകരന്‍ നായര്‍ എരുത്വാപ്പുഴയിലും താഴത്തേല്‍ പുരുഷോത്തമന്‍ നായര്‍ ഇടമറ്റത്തും തകിടിയില്‍ നാരായണന്‍ നായര്‍ കൊടുങ്ങൂര്‍ തേക്കാനത്തെ വല്യാത്തുവീട്ടിലുമാണ്‌ താമസിക്കുന്നത്‌. ഇവരൊക്കെ നാട്ടില്‍വരുമ്പോള്‍ കാണും. പഴയകാലത്തെക്കുറിച്ചു പറഞ്ഞ്‌ കളിചിരിയാകും.??കൊടുങ്ങൂര്‍ ദേവിക്ഷേത്രത്തിലും ഇടമറ്റം പൊന്മല ദേവിക്ഷേത്രത്തിലും ഐവര്‍കളി നടന്നിരുന്നത്‌ ഇവര്‍ ഓര്‍ക്കുന്നുണ്ട്‌. ഈ കലാകാരന്മാരുടെ ഓര്‍മ്മകള്‍ക്കൊക്കെ സാക്ഷിയായ എലിക്കുളം ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ്‌ കൊടിപ്പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ ക്ഷേത്രാങ്കണത്തിലെ രണ്ടുകളിത്തട്ടുകളും പഴമയോടെ തന്നെ നിലനിര്‍ത്തുമെന്ന്‌ ഉറപ്പുനല്‍കി.??ഐവര്‍കളിയുടെ തിരുശേഷിപ്പുകള്‍ ഇവരില്‍ ചിലര്‍ ഇപ്പോഴും ഭദ്രമായിസൂക്ഷിച്ചിട്ടുണ്ട്‌. വാദ്യോപകരണങ്ങള്‍, പഴയ താളിയോലക്കെട്ടുകള്‍, ചമയങ്ങള്‍ എന്നിവ ഇടയെ്‌ക്കാന്നുപൊടിതട്ടിയെടുത്ത്‌ മക്കളെയും പേരക്കുട്ടികളെയുംകാട്ടി തങ്ങളുടെ സമര്‍പ്പണത്തിന്‍െറ കഥ ഓര്‍മ്മിച്ചെടുക്കുന്നതും പതിവ്‌.
നിരാകരണവ്യവസ്ഥ